ശനിയാഴ്‌ച, ഫെബ്രുവരി 25, 2012

ഹംസ്സാക്കാന്‍റെ ചക്കപ്പഴവും കാന്തപുരത്തിന്‍റെ മുടിപ്പള്ളിയും



“തന തന നാ ചക്കപ്പഴം പഴുത്തു...
ടി. കെ ഹംസ പറിച്ചു ..
എ. പി ക്കു കൊടുത്തു ........”

ഈ വരികളില്‍ തുടങ്ങുന്ന ഗാനം എന്‍റെ കുട്ടിക്കാലത്ത് ഞാന്‍ ഒരു പാട് തവണ കേട്ട് കൊണ്ടിരുന്നതാണ് .പിന്നീട് ഇതുവരെയുള്ള കാലത്തിനിടയ്ക്ക ഓരോ തെരഞ്ഞടുപ്പ് വേളകളിലും മലപ്പുറം ജില്ലയില്‍ ഈ ഗാനം ഓരോ കവലകളിലും , ഓരോ വെടിവട്ട സദസ്സുകളിലും പിന്നെയും പാടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു .




ഈ വരികളുടെ ആകെ മൊത്തം ടോട്ടല്‍ ഇത്രേ ഉള്ളൂ “ സുന്നി വിഭാഗത്തിനിടയിലുണ്ടായ പിളര്‍പ്പിന് ശേഷം കാന്തപുരം വിഭാഗം സുന്നികള്‍ ഇടതു പക്ഷത്തിനും പ്രത്യേകിച്ച് സി. പി. എമ്മിനും .മലപ്പുറം ജില്ലയില്‍ നിരുപാധിക പിന്തുണയാണ് നല്‍കി വന്നിരുന്നത്  , സി . പി എമ്മിന് കിട്ടിക്കൊണ്ടിരുന്ന ആ പിന്തുണയുടെ ഏറ്റവും വലിയ ഇടനിലക്കാരനായി വര്‍ത്തിച്ചിരുന്നതും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ അതിന്‍റെ നേട്ടം കൊയ്ത്തു കൊണ്ടിരുന്നതും സഖാവ് ടി.കെ ഹംസയാണ്.കാന്തപുരം ഉസ്താതും ടി . കെ ഹംസയും , പിന്നെ കമ്മ്യുണിസ്റ്റ്‌ പാര്‍ട്ടിയും തമ്മിലുള്ള ബന്ധത്തെ പരിഹസിച്ചു കൊണ്ട് (സ്വല്പം അസൂയയോടെതന്നെ ) മറുവിഭാഗം പാടുന്ന പാട്ടാണ് മുകളില്‍ ഉദ്ധരിക്കപ്പെട്ടത്” . അതിനു കാരണവും മറുവിഭാഗം പറയുന്നുണ്ട് . അവിഭക്ത സമസ്തക്ക് മുസ്ലിം ലീഗുമായുള്ള രാഷ്ട്രീയ ബന്ധത്തിന്‍റെ പേരില്‍ “സുന്നികള്‍ക് രാഷ്ട്രീയ ബന്ധം പാടില്ല എന്ന് പറഞ്ഞു സമസ്തയെ പിളര്‍ത്തിയ കാന്തപുരം സ്വന്തം നിലനില്‍പ്പിന് കമ്മ്യുണിസ്റ്റ്‌ പാര്‍ട്ടിയുമായി തുടരുന്ന ബന്ധത്തെ പരിഹസിക്കുകയായിരുന്നു ആ പാട്ടില്‍ .






കാലം പിന്നെയും റോക്കറ്റ് വിട്ടത് പോലെ മുന്നോട്ടു നീങ്ങി. തെരഞ്ഞെടുപ്പുകള്‍ പലതും വന്നു . കാന്തപുരവും സി. പി. എമ്മു മായുള്ള ബന്ധം ദൃഡമായിതന്നെ മുന്നോട്ടു നീങ്ങി എല്ലാ സന്ധികളിലും ടി. കെ ഹംസ  ഒരേസമയം സി. പി. എമ്മുകാരനായും എ. പി. ക്കാരനായും നിലകൊണ്ടു .പല തെരഞ്ഞെടുപ്പുകളില്‍ ടി. കെ ഹംസ ( മലപ്പുരത്തുകാരുടെ ഹംസാക്ക ) വിജയിച്ചു . പലതിലും തോല്‍ക്കുകയും ചെയ്തു.

രണ്ടായിരത്തി നാലില്‍ മഞ്ചേരിയില്‍ മുസ്ലിം ലീഗിന്‍റെ മുജാഹിദായ കെ. പി. എ മജീദിനെതിരെ. എ . പി. ക്കാരുടെ സുന്നിയായ ഹംസാക്ക മത്സരിക്കാന്‍ വരുന്നതോടെയാണ് കാന്തപുരവും ഹംസാക്കയും തമ്മിലുള്ള ബന്ധം പിന്നെയും ആലം ദുനിയാവില്‍ പാട്ടാവുന്നത്. മണ്ഡലത്തില്‍ പ്രചാരണ സമയത്ത് ഒരിക്കല്‍ പോലും തലകാണിക്കാത്ത സ്വന്തം സ്ഥാനാര്‍ഥികളെ ലക്ഷക്കണക്കിന് വോട്ടിന്‍റെ ഭൂരിപക്ഷത്തിനു പാര്‍ലമെന്റിലേക്ക് പറഞ്ഞയച്ചവരാണ് മഞ്ചേരിയിലെ ലീഗുകാര്‍. അങ്ങനെയുള്ള ഒരു മണ്ഡലത്തില്‍ കെ. പി. എ മജീദ്‌ എന്ന ലീഗ് നേതാവ് മൂക്കും കുത്തിയാണ് ഹംസാകാന്റെ മുന്നില്‍ വീണത്‌ . അരലക്ഷം വോട്ടിനു മഞ്ചേരിയില്‍ സി. പി. എമ്മുകാര്‍ ആദ്യമായി വിജയിച്ചപ്പോള്‍ ഉസ്താതിന്റെ കുട്ടികള്‍ ജില്ലാ ആസ്ഥാനത്ത് സ്വന്തം പതാകയോടൊപ്പം സി . പി. എമ്മിന്‍റെ പതാകയും പിടിച്ചാണ് ആഹ്ലാദ പ്രകടനം നടത്തിയത് .



 മഞ്ചേരിയില്‍ സഖാകള്‍ പോത്തിന് പച്ചചായംപൂശി അറുത്ത്‌ മാംസം വിതരണം ചെയ്യുമ്പോള്‍ ഹംസാക്ക ആദ്യം പോയത് കാരന്തൂരിലെക്കായിരുന്നു ഉസ്താതിന്‍റെ അനുഗ്രഹം(!!!!???) വാങ്ങാന്‍ !! പിന്നെ നന്ദി പറയാനും . പിന്നെപ്പോയത് മലപ്പുറത്തെ മുട്ടിപ്പടിയിലെ സ്വലാത്ത് നഗറിലുള്ള തങ്ങളെ കാണാന്‍ (കാരണം “തങ്ങള്‍” നടത്തിവരുന്ന സ്വലാത്ത് സമ്മേളനത്തില്‍ ഹംസാക്കാന്‍റെ തെരഞ്ഞെടുപ്പ് ജയത്തിന് വേണ്ടി പ്രത്യേക പ്രാര്‍ത്ഥനയും ഉണ്ടായിരുന്നു).  .
അതോട് കൂടി ഉസ്താതിന്‍റെ ആള്കാര്‍ക്ക് ഹംസാക്ക സ്വന്തം കാക്കയായി . ഹംസ സഖാവ് എന്ന വിശേഷണത്തേക്കാള്‍ ഹംസ സഖാഫി എന്ന് വിളിച്ചു കേള്‍ക്കാന്‍ ഹംസാക്ക പോലും ആഗ്രഹിച്ചു പോയ നാളുകളായിരുന്നു.

 ഹംസാക്ക അത് പിന്നെയും തെളിയിച്ചു. പിന്നീട് വന്ന പാര്‍ലമെന്‍റ് തെരഞ്ഞടുപ്പില്‍ ഒരിക്കല്‍ കൈവിട്ടു പോയ മണ്ഡലം തിരിച്ചു പിടിക്കാന്‍ ലീഗുകാര്‍ നിയോഗിച്ച അവരുടെ പടക്കുതിര അഹമ്മദിനെതിരെ മത്സരിക്കുമ്പോള്‍ ഹംസാക്ക ആ സത്യം തുറന്നു പറഞ്ഞു. ഉസ്താതും കൂട്ടരും ഒരായിരം തവണ കേട്ടാലും മതിവരാത്ത ആ സത്യം “ ഞാനൊരു സുന്നിയാണ് അതും കറകളഞ്ഞ എ.പി. സുന്നി” അതോടെ മലപ്പുറത്തെ ലീഗുകാര്‍ പഴയ പാട്ട് പൊടിതട്ടിയെടുത്തു പിന്നെയും പാടി “തന തന നാ ചക്കപ്പഴം .......”



പക്ഷെ  അതുകൊണ്ടൊന്നും ഹംസക്ക രക്ഷപ്പെട്ടില്ല അഹമദ്‌ സാഹിബിന്റെ മുന്നില്‍ ഒന്നേക്കാല്‍ ലക്ഷത്തോളം വോട്ടുകള്‍ക്ക്  മൂക്കും കുത്തിവീണു .
അതൊക്കെ പഴയ കഥ.. കാലം ഒരുപാട് മാറിയിരിക്കുന്നു , കൂട്ടത്തില്‍ സി . പി.എമ്മും ഒത്തിരി മാറി , സി പി. എമ്മും ഉസ്താതും തമ്മിലുള്ളബന്ധം തമ്മിലും ഇമ്മിണി ബല്യ മാറ്റം വന്നു. പക്ഷെ ഒരിക്കലും മാറില്ലെന്ന് കരുതിയ എ. പി. ക്കാരുടെ സ്വന്തം ഹംസാക്കയും മാറിയിരിക്കുന്നു .. “ഓനൊരു ബല്ലാത്ത പഹയന്‍ തന്നെ കൊടുത്ത ബോട്ടീന്‍റെ നന്ദി പോലും കാണിച്ചില്ല”


സഖാവ് പിണറായിക്കെതിരെ ഉസ്താത് പറഞ്ഞ പ്രസ്താവനയെ ആധാരമാക്കിയാണ്  സഖാവ് ടി. കെ . ഹംസ ഉസ്താതിനും ഉസ്താത് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന മുടിപ്പള്ളിക്കുമെതിരെ രംഗത്ത് വന്നിരിക്കുന്നത് 25-02-2012 ദേശാഭിമാനിയുടെ എഡിറ്റോറിയല്‍ പേജില്‍ തന്നെയാണ് ഹംസാക്ക നല്ല ഒന്നാന്തരം കാച്ചു കാച്ചിയിരിക്കുന്നത്. “തന്റെ അഭിപ്രായം പറയാന്‍ പിണറായിക്ക് അവകാശമില്ലന്നു പറയാനുള്ള അധികാരം എ. പി. ക്ക് എവിടെ നിന്നാണ് കിട്ടിയത്”, “ പ്രവാചക കേശം കത്തിച്ചാല്‍ കത്തില്ലെന്ന് രണ്ടു സുന്നികളും വിശ്വസിക്കുന്നുണ്ട് എന്നിരിക്കെ കാന്തപുരം എന്തിനാണ് അത് കത്തിച്ചു നോക്കാന്‍ ഭയപ്പെടുന്നത് . അഥവാ കത്തിയാല്‍ തുടങ്ങാന്‍ പോകുന്ന പ്രൊജക്റ്റ്‌ വെള്ളത്തിലാവുമെന്നുള്ള ഭയം മാത്രമാണ് കാന്തപുരതിനുള്ളത്” എന്ന് വരെയുള്ള അഭിപ്രായ പ്രകടനമാണ് ലേഖനത്തില്‍ ഹംസാക്ക നിരത്തുന്നത് .. മാത്രമല്ല കാന്തപുരം ഉസ്താതിന്‍റെ തെരഞ്ഞെടുപ്പ്‌ രാഷ്ട്രീയ നിലപാടിനെയും പുള്ളി കണക്കിന് വിമര്‍ശിക്കുന്നുണ്ട് .


മുടിപ്പള്ളിയുമായി മുന്നോട്ടു പോകുന്ന കാന്തപുരത്തിന് അടിക്കടി കിട്ടുന്ന അടികളില്‍ എന്‍റെ അഭിപ്രായത്തില്‍ ഏറ്റവും നല്ല അടികളില്‍ ഒന്നാണ് ഇപ്പൊ ഹംസാക്കാന്‍റെ ഈ അടി .
 പാര്‍ട്ടിയിലെ മുടിചൂടാമന്നനായ പിണറായിക്കെതിരെ കാന്തപുരം മുസ്ലിയാര്‍ നടത്തിയ പ്രസ്ഥാവനക്കെതിരെ സമുദായത്തില്‍ നിന്ന് തന്നെയുള്ള ടി . കെ ഹംസ രംഗത്ത്‌ വന്നില്ലെങ്കില്‍ പാര്‍ട്ടിയിലെ നിലനില്‍പ്പ് തന്നെ അവതാളത്തിലാകുമെന്ന തോന്നലാണോ ഹംസാക്കാനെക്കൊണ്ട് ഇത് പറയിപ്പിച്ചത്തെന്നു എനിക്ക് സന്ദേഹമില്ലാതില്ല. കാര്യം അങ്ങനെയൊക്കെ ആണെങ്കിലും ആത്മീയ ചൂഷണത്തിനെതിരെ രംഗത്ത്‌ വന്ന ഹംസാകാക്ക് എന്‍റെ വക ഒരു ഷേക്ക്‌ഹാന്‍ഡ്‌.. “കൊട് കൈ ”

വാല്‍കഷ്ണം:

വാല്‍കഷ്ണം:
കാലം വീണ്ടും മുന്നോട്ടു പോകും , തെരഞ്ഞെടുപ്പുകള്‍ വീണ്ടും വരും അപ്പോഴും ഹംസാക്ക “ഞാന്‍ എ. പി. സുന്നിയാണെന്നും” പറഞ്ഞു ഉസ്താതിന്‍റെയും കുട്ടികളുടെയും വോട്ടു വാങ്ങാന്‍ വീണ്ടും വരില്ല എന്നൊന്നും ഈയുള്ളവന്‍ വിശ്വസിക്കുന്നില്ല. കാരണം  ഹംസാക്ക എന്തൊക്കെ പറഞ്ഞാലും ഉസ്താതിന്‍റെയും കുഞ്ഞാടുകളുടെയും വോട്ടൊക്കെ കുപ്പിയിലാക്കാനുള്ള മന്ത്രവും മൌലൂദുമൊക്കെ ഹംസാക്കാന്‍റെ കയ്യിലുണ്ട്. ഹംസാക്ക ആരാ മോന്‍ .

7 അഭിപ്രായങ്ങൾ:

  1. സംഗതി നാന്നായി ......

    മുടി വിഷയത്തില്‍ പിണറായി അഭിപ്രായം പറഞ്ഞപ്പോള്‍ ആദ്യം വെട്ടിലായത് കാന്തപുരവും , പിന്നെ ഹംസാക്കയുമാണ് ...

    മറുപടിഇല്ലാതാക്കൂ