തിങ്കളാഴ്‌ച, ഓഗസ്റ്റ് 22, 2011

മന്മോഹന്‍ജീ... നിതീഷിനെ കണ്ടുപഠിക്കൂ
ഓരോ ദിവസവും പുതിയ അഴിമതിക്കഥകള്‍ പ്രസവിക്കപ്പെടുകയും...
ഭരണാധികാരികള്‍ പലരും ജയിലിലേക് നിര്‍ബന്ധിത തീര്‍ത്ഥാടനത്തിനു നിയോഗിക്കപ്പെടുകയും ചെയ്യുന്ന ഒരു രാജ്യമാണല്ലോ നമ്മുടെ പാവം ഇന്ത്യാ മഹാരാജ്യം . കൊണ്ഗ്രസ്സിനെയും  ബി.ജെ .പി യെയും മാറി മാറി പരീക്ഷിച്ചിട്ടും പുറത്ത് വന്നുകൊണ്ടിരിക്കുന്ന അഴിമതിക്കഥകളില്‍ ആരുടെ പേരിനോട് ചേര്‍ന്നാണ് കൂടുതല്‍ അക്കങ്ങളുള്ളതെന്നു നോക്കാന്‍ മാത്രം വിധിക്കപ്പെട്ടവരാണല്ലോ നാം.പ്രത്യേകിച്ച് നയപരിപാടിയോ അജണ്ടയോ ഇല്ലാതെ ഒരു ആള്‍ക്കൂട്ടത്തെ മാത്രം മുന്നില്‍നിര്‍ത്തി അഴിമതി വിരുദ്ധ സമരം നടത്തുന്ന അണ്ണാ ഹസാരയുടെ സമരപ്പന്തലില്‍ വന്നു ആര്പ്പുവിളിക്കുന്ന  ആള്കൂട്ടം രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രതീക്ഷ നഷട്ടപ്പെട്ട ഒരുജനതയുടെ നിരാശയുടെ പ്രതിഫലനമാണ്.
പത്രങ്ങളായ പത്രങ്ങളിലും, സുന്ദരികളും സുന്ദരന്മാരുമായ സകല വാര്‍ത്താ അവതാരകരും മേക്കപ്പിട്ടിരിക്കുന്ന  ടി വി ചാനലുകളുടെ സ്റ്റുഡിയോ മുറികളിലും  കഴിഞ്ഞ കുറച്ചു ദിവസങ്ങളായി , പുറത്തുവരുന്ന അഴിമതിക്കഥകളും അണ്ണാഹസാരയുമാണ്  അന്നത്തിനുള്ള വക കൊണ്ടെത്തിക്കുന്നത്.


 
അതിനിടയിലാണ് അഴിമതികളുടെ കുടുംബ വാഴ്ച്ചക്കും, കാട്ടുഭരണത്തിനും പേര്കേട്ട  അടുത്തകാലം വരെ നമ്മുടെ സ്വന്തം ലാലുജിയുടെ പേരില്‍ മാത്രം അറിയപ്പെട്ടിരുന്ന ബീഹാറില്‍ നിന്നും ഒരു വ്യത്യസ്ഥ വാര്‍ത്ത വരുന്നത്. കുറച്ചു കാലമായി നമ്മുടെ ലാലുജിക്കും ഇഷ്ടന്‍റെ സ്വന്തം ബീവിയായ റാബറിയമ്മക്കും പഴയപോലെ ഒരു ഗ്രിപ്പില്ല ബീഹാറില്‍ . കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പിലും വോട്ടുകിട്ടാന്‍ സകല ഗ്രാമങ്ങളിലും  ബീഹാര്‍ സ്റ്റൈലില്‍ മുറുക്കിത്തുപ്പി നടന്നിട്ടും ജനങ്ങള്‍ ലാലുവിന്‍റെ പാര്‍ട്ടിയെ പടിക്കു പുറത്തുനിര്‍ത്തി. കഴിഞ്ഞ കുറച്ചു ആണ്ടുകളായി  ബി. ജെ പി യുമായി ചേര്‍ന്നാണെങ്കിലും തന്‍റെ ഭരണത്തില്‍ ഗുണപരമായ ചില മാറ്റങ്ങളെങ്കിലും കൊണ്ടുവരാന്‍ കഴിഞ്ഞ  മുഖ്യമന്ത്രിയാണ് നിതീഷ്കുമാര്‍. ചുരുങ്ങിയ പക്ഷം കാട്ടുഭരണമെന്ന ദുഷ്പേര് ഒരു പരിതിവരെയെങ്കിലും മാറ്റിയെടുക്കാന്‍ നിതീഷിനായിട്ടുണ്ട്. അടുത്തകാലത്തുണ്ടായ ചില അനിഷ്ട സംഭവങ്ങള്‍ മറന്നുകൊണ്ടല്ല ഞാന്‍ പറയുന്നത്.


സംഗതി എന്തായാലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുവേളയില്‍ നിതീഷ്‌ ഒരു പ്രഖ്യാപനം നടത്തിയിരുന്നുവെത്രേ .  അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ അഴിമതിപ്പണം കൊണ്ട് കെട്ടിപ്പൊക്കുന്ന സകല വീടുകളും കെട്ടിടങ്ങളും കണ്ടു കെട്ടി കുട്ടികള്‍ക്ക് പഠിക്കാനുള്ള ഓപ്പണ്‍  സ്കൂളുകലാക്കി മാറ്റുമെന്ന്.
തന്‍റെ കഴിഞ്ഞ സര്‍കാരിന്‍റെ കാലത്ത് തന്നെ തുടങ്ങിയ അന്വേഷണത്തില്‍ നിരവധി താപ്പാനകളായ സര്‍ക്കാര്‍ സേവകരാണ് അഴിമതിയിലൂടെ  പണം സമാഹരിച്ചതായി കണ്ടെത്തിയത്. തന്‍റെ വിശിഷ്ടവും ആത്മാര്‍ഥതയോട് കൂടിയതുമായ സേവനത്തിന്‍റെ ഫലമായി സസ്പെന്‍ഷന്‍ സമ്പാദിച്ചെടുത്ത മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥനായ ശിവശങ്കര്‍ വര്‍മ്മയുടെ വീട്ടില്‍ റെയ്ഡ്‌ നടത്തിയത് 2007  ജൂലൈ ആറിനാണ്.

വീട്ടില്‍ റെയ്ഡിനെത്തിയവര്‍ തന്റെ കൊട്ടാര സമാനമായ വീടും ബാങ്ക് ബാലന്‍സും ഞെട്ടി വണ്ടറടിച്ചു നിന്നപ്പോള്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ പറയുന്ന “ താലൂക്ഓഫീസിലെ ഉദ്യോഗം കൊണ്ട് അച്ചന്‍ ചോരനീരാകി കഷ്ട്ടപ്പെട്ട് ഉണ്ടാകിയതാണ് ഈ കണ്ടതൊക്കെ ”  എന്നപോലെ ഞാന്‍ ഐ എ എസ് ഉദ്യോഗം കൊണ്ട് ചോരനീരാകി ഉണ്ടാകിയതാണിതൊക്കെ എന്ന് പറഞ്ഞു നോക്കിയെങ്കിലും സംഗതി ഏറ്റില്ല   ഇന്നച്ചന്‍ ലാലിനോട് പറഞ്ഞ മറുപടിയിലും കനത്തിലാണ് ശിവശങ്കര്‍ വര്‍മ്മയോട് റെയ്ഡ്‌കാര്‍ പറഞ്ഞതത്രേ..


കൊട്ടാര സമാനമായ തന്‍റെവീട് കണ്ടുകെട്ടി ഓപ്പണ്‍ സ്കൂള്‍ ആകാനുള്ള തീരുമാനത്തിനെതിരെ പറ്റ്ന ഹൈക്കോടതിയില്‍ ഇഷ്ട്ടന്‍ പരാതി കൊടുത്തെങ്കിലും കോടതിയും സര്‍ക്കാര്‍ തീരുമാനത്തെ ശരിവെച്ചുകൊണ്ട് വീട് ഏറ്റെടുക്കാന്‍ നിര്‍ദേശിക്കുകയാണ് ഉണ്ടായത്. കോടിക്കണക്കിനു രൂപയുടെ അഴിമതിപ്പണമുണ്ടെന്നു കണ്ടെത്തിയ ശിവശങ്കര്‍ വര്‍മ്മയുള്‍പ്പെടെ നിരവധി  അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സ്വത്തുക്കള്‍ കണ്ടെത്തി പാവപ്പെട്ടെ വിദ്യാര്തികള്‍ക്ക് ഓപ്പണ്‍ സ്കൂളുകള്‍ സ്ഥാപിക്കാനുള്ള നീക്കവുമായി മുന്നോട്ടു പോകുകയാണ് ബീഹാര്‍ സര്‍ക്കാര്‍...

പുതിയ പുതിയ അഴിമതിക്കഥകള്‍ പുറത്ത്‌ വന്നുകൊണ്ടിരികുമ്പോഴും  നടപടി എടുക്കാന്‍ മടിക്കുന്ന നമ്മുടെ കേന്ദ്ര സംസ്ഥാന സര്കാരുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു ചെറിയ നീക്കമെങ്കിലും നടത്തിയ നിതീഷ്‌കുമാര്‍ സര്കാരിനെ   അഭിനന്ദിക്കാതിരിക്കാനാവില്ല. അഴിമതിയില്‍ മൂക്കറ്റം മുങ്ങിയ സര്‍കാരിനെ കേന്ദ്രത്തില്‍ നയിക്കുന്ന പ്രിയപ്പെട്ട മന്മോഹന്‍ജീ അറ്റ്ലീസ്റ്റ് നിതീഷ്കുമാറിനെയെങ്കിലും ഇക്കാര്യത്തില്‍ മാത്രം മാതൃകയാകിയാല്‍ നന്നാകും   അഴിമതികൊണ്ട് കെട്ടിപ്പൊക്കിയ മണിമന്ദിരങ്ങള്‍ രാഷ്ട്രീയക്കാരന്‍റെതായാലും ഉദ്യോഗസ്ഥന്‍ മാരുടെതായാലും കണ്ടു കെട്ടാനുള്ള ആര്‍ജ്ജവം ഇനിയും കാണിക്കാന്‍ മടിക്കരുത്, അല്ലെങ്കില്‍ മന്മോഹന്‍ജീ അങ്ങയെ നാളെയുടെ ചരിത്രം അടയാളപ്പെടുത്തുക കള്ളന് കഞ്ഞിവെച്ചവനെന്നാകും  ...


#######################################################################
ഈ നടപടി നമ്മുടെ കേരളത്തിലും നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങിയാല്‍ സ്കൂളുകളെക്കൊണ്ട് നടക്കാന്‍ പറ്റാത്ത അവസ്ഥയാവും ..നടപടി മൂലം കുടിയിറക്കപ്പെടുന്ന ഉദ്യോഗസ്ഥരെ പുനരധിവസിപ്പിക്കാന്‍ മൂലംപള്ളി പോലെ പുനരധിവാസപാകേജും നടപ്പിലാകേണ്ടി വരും അത്രക്കുണ്ട് നമ്മുടെ പെരുമ .

5 അഭിപ്രായങ്ങൾ:

 1. മന്മോഹന്ജി ഇതൊന്നും കേട്ട് വിരളാന്‍ പോകുന്നില്ല ,മാദത്തെ കണ്ടു പഠിക്കാന്‍ പറഞ്ഞാല്‍ നോക്കാരുന്നു ,..

  മറുപടിഇല്ലാതാക്കൂ
 2. ഈ അഴിമതി ഇല്ലാത്തെ എന്തോന്ന് ഭരണം
  രാഷ്ട്രീയക്കാര്‍ ഉണരുന്നതെ എങ്ങിനെ പണമുണ്ടാക്കാം, എവിടുന്നു വാരാം എന്ന ഒരു ചിന്തയോടുകൂടീയാണ്, പിന്നെ എങ്ങിനെ നന്നാവും
  ശെരിക്കും നിയമങ്ങള്‍ വരണം അല്ലെങ്കില്‍ നാളെയുടെ രാജ്യം ഓര്‍മയാകും
  നല്ല എഴുത്ത്
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 3. നമ്മുടെ കേരളത്തിലെ അഴിമതികള്‍ തകര്ത്തെരിയണം എങ്കില്‍ ഉദ്യോഗസ്ഥരെ നിലക്ക് നിര്‍ത്തണം എന്ത്യേ...സര്‍ക്കാരുകള്‍ക്ക്‌ അവറ്റകളെ പേടിയാണ് വെറും അഞ്ചു ലച്ചം ആളുകള്‍ ആണ് ഉദ്യോഗസ്ഥന്മാര്‍ അവര്‍ പോയാല്‍ വേറെ ആളുണ്ട് എന്നാ കാര്യം സര്‍ക്കാരിനും അറിയില്ലേ എന്തേ..നിതീഷ്‌ കുമാര്‍ നല്ല മുഖ്യന്‍ ആണ്...നമ്മുടെ നാട് ഒരിക്കലും അങ്ങിനെ ഒന്നും ആവില്ലാ..

  മറുപടിഇല്ലാതാക്കൂ
 4. മിക്കവാറും ബീഹാറില്‍ ആയിരക്കണക്കിന് സ്കൂളുകള്‍ ഉയരും..

  മറുപടിഇല്ലാതാക്കൂ
 5. ജനപ്രധിനിധി=അഴിമതി എന്ന് കൂടി പഠിപ്പിക്കേണ്ടി വരും ആ സ്കൂളുകളില്‍ ഇക്കണക്കിനു പോയാല്‍.. നല്ല ലേഖനം..

  മറുപടിഇല്ലാതാക്കൂ