ശനിയാഴ്‌ച, ജനുവരി 12, 2013

വേലപ്പനും , ജാനുവിനും, പിന്നെ എനിക്കും വേണം പെന്‍ഷന്‍....!!!




 
രംഗം ഒന്ന്

വേലപ്പന്‍ കഠിനാദ്ധ്വാനിയായ മീന്‍ കച്ചവടക്കാരനാണ് , പുലര്‍ച്ചെ മൂന്നു മണിക്ക് എഴുനേറ്റ്‌ രണ്ടു മണിക്കൂര്‍ മീന്‍ വില്‍ക്കാന്‍ ഉപയോഗിക്കുന്ന ബൈക്കില്‍ യാത്ര ചെയ്തു ഹാര്‍ബറില്‍ പോയി മല്‍സ്യം വാങ്ങിച്ചാണ് ഇവിടെ തന്‍റെ ഗ്രാമത്തിലെ ജനങ്ങള്‍ക്ക്‌ മത്സ്യം വിതരണം നടത്തുന്നത് . കഴിഞ്ഞ മുപ്പതു വര്‍ഷമായിട്ടു വേലപ്പന്‍ ഇതേ ജോലി ചെയ്തു ജീവിക്കുന്നു . വേലപ്പന്‍റെ മീന്‍വണ്ടി വന്നില്ലെങ്കില്‍ മലമൂട്ടില്‍ കിടക്കുന്ന ആ കൊച്ചു ഗ്രാമത്തിലുള്ളവര്‍ക്ക് അന്ന് പച്ചമീന്‍ കൂട്ടി ചോറുണ്ണാന്‍ പറ്റില്ല. അറിഞ്ഞു കൊണ്ട് ഒരു ദിവസം പോലും വേലപ്പന്‍ തന്‍റെ സേവനം മുടക്കിയിട്ടുമില്ല അത് ഹര്‍ത്താലാണെങ്കിലും പണിമുടക്കാണെങ്കിലും, സമരമാണെങ്കിലും.
 വേലപ്പനറിയാം താന്‍ ചെയ്യുന്നത് ഒരു ജോലി എന്നതിനുമപ്പുറം ഒരു മഹത്തായ സേവനമാണെന്ന് അത് കൊണ്ട് തന്നെ അസുഖം പിടിച്ചു കിടപ്പിലായ മൂന്നോ നാലോ ദിവസം മാത്രമേ ആ ഗ്രാമത്തിലുള്ളവര്‍ക്ക് പച്ച മീന്‍ മുടങ്ങിയിട്ടുള്ളൂ അമ്പത് വയസു കഴിഞ്ഞ വേലപ്പന് ശാരീരികമായ ഒട്ടേറെ അസ്വസ്ഥതകള്‍ ഉണ്ടെങ്കിലും പറക്കമുറ്റാത്ത  നാല് പെണ്‍കുട്ടികളും പ്രായമായ മാതാപിതാക്കളും അടങ്ങുന്ന കുടുംബത്തെ പോറ്റാന്‍ മറ്റൊരു മാര്‍ഗ്ഗവും ഇല്ലാത്തതു കൊണ്ട് ഇന്നും അയാള്‍ ഈ ജോലി ചെയ്യാന്‍ നിര്‍ബന്ധിതനാവുന്നു.. ഒരു ദിവസം ജോലി എടുക്കാന്‍ പറ്റാത്ത വിധം വീണു പോയാല്‍ കുടുംബത്തെ മുന്നോട്ടു കൊണ്ട് പോകാനുള്ള വരുമാനമാര്‍ഗ്ഗം എന്താണെന്ന് വേലപ്പനറിയില്ല . കഴിഞ്ഞ മുപ്പതു വര്‍ഷത്തെ വേലപ്പന്റെ ആത്മാര്‍ത്ഥമായ സേവനത്തിനു ആരും പെന്‍ഷനൊന്നും വാഗ്ദാനം ചെയ്തിട്ടില്ലല്ലോ ..?


 













രംഗം രണ്ട്

മുല്ലപ്പൂ ജാനു നഗരത്തിലും പരിസരങ്ങളിലും വളരെ പ്രശസ്തയാണ് ജാനുവിനെ ആവശ്യമുള്ളര്‍ക്ക് അറിഞ്ഞു സേവനം ചെയ്യുന്ന ശീലമാണ് പ്രശസ്തിയുടെ മൂല കാരണം . സമ്പന്നമായ ശരീരവും മുല്ലപ്പൂ നിറവും ജാനുവിനു മാര്‍കെറ്റില്‍ പ്രിയമേറെയാണ്  ജാനുവിന്‍റെ ഇരുപത്തിരണ്ടാം വയസ്സില്‍ കെട്ട്യോന്‍ ലോറിപ്പുറത്തുനിന്നുവീണു മരിച്ചതിനു ശേഷം പറക്കമുറ്റാത്ത  നാല് കുഞ്ഞുങ്ങള്‍ക്ക് നേരാവണ്ണം വയറ് നിറക്കാന്‍ അറിയാവുന്നതും അറിയാത്തതുമായ പല പണിയും  ചെയ്തെങ്കിലും പണി വാഗ്ദാനം ചെയ്തവര്‍കെല്ലാം വേണ്ടത് മറ്റൊന്നായിരുന്നു.. ശരീര സൗന്ദര്യവും, ആശ്രയിക്കാന്‍ മറ്റാരുമില്ലാത്തവളും, വീട്ടില്‍ വന്നു കയറുമ്പോള്‍ വിശന്നു കരയാന്‍ നാലു മുഖങ്ങളും പിന്നെ ഭര്‍ത്താവ് മരിച്ചു പോയ ഒരു പെണ്ണിനെ കൊത്തിപ്പറിക്കാന്‍ തക്കം പാര്‍ത്തു നില്‍ക്കുന്ന ഒരു സമൂഹം ചുറ്റും ഓരിയിട്ടു നടന്നപ്പോള്‍ ദുര്‍ബലയായ ഒരു സ്ത്രീക്ക് അനിവാര്യമായും വന്നു ചേരേണ്ട ഗതികേട് അവളെയും തേടിയെത്തി “വേശ്യ”. രാത്രി മുഴുവന്‍ കള്ളും, വിയര്‍പ്പ് ഗന്ധവും , പിന്നെ ഉടമസ്ഥന്‍ കാശ് മുതലാക്കാന്‍ കാണിക്കുന്ന സകലമാന ക്രൂരതകളും സഹിച്ചു കിടന്നാലെ നാലു വയറ് നിറക്കാനുള്ളത് ഒപ്പിക്കാന്‍ പറ്റൂ. ജാനുവിനെപ്പോലുള്ളവര്‍ ഉള്ളത് കൊണ്ടാണ് “ട്രിവാന്‍ഡ്രം ലോഡ്ജ്” സിനിമയിലെ അബ്ദുവിനെപ്പോലെയുള്ളവര്‍ക്ക് ആശ്വസിക്കാന്‍ കഴിയുന്നത്, അല്ലെങ്കില്‍ അവരൊക്കെ വഴിലൂടെ നടന്നു പോകുന്ന പെണ്ണിനെ കേറിപ്പിടിക്കാന്‍ തുടങ്ങിയാല്‍ പിന്നെ ബലാല്‍സംഗം റിപ്പോര്‍ട്ട് ചെയ്യാനേ മാധ്യമങ്ങള്‍ക്ക് നേരം കാണൂ . ജാനുവിനറിയാം നാലോ അഞ്ചോ വര്ഷം കൂടിയേ തന്റെ ശരീരം തേടി ആളുകള്‍ വരൂ അത് കഴിഞ്ഞാല്‍ നാലഞ്ചു വയറുകളുടെ വിശപ്പടക്കാന്‍ , അവരെ പഠിപ്പിക്കാന്‍ എന്ത് ചെയ്യും ...??? അവിടെയും പെന്ഷനില്ലല്ലോ !!




രംഗം മൂന്ന്‍

ജോസഫിന്‍റെ അപ്പന്‍ പത്തനം തിട്ടയില്‍ നിന്നും കുടിയേറി വന്നവരാണ്. തരിശായി കിടന്ന ഭൂമി തുച്ചമായ വിലക്ക് വാങ്ങി രാവും പകലും വിയര്‍പ്പൊഴുക്കിയാണ് നാലഞ്ചു ഏക്കര്‍ നെല്‍ വയലും, മൂന്നു നാല് ഏക്കര്‍ വാഴയും , കവുങ്ങുമൊക്കെ വെച്ച് പിടിപ്പിച്ചത്. അപ്പന്‍ മരിച്ചിട്ട് നാലഞ്ചു വര്ഷം കഴിഞ്ഞെങ്കിലും ജോസഫ് അപ്പന്‍ പഠിപ്പിച്ച അതേ ജോലിയില്‍ വ്യാപ്രതനാണ് ജോസഫിന്‍റെ വയലില്‍ വിളയുന്ന നെല്ല് വീട്ടാവശ്യത്തിന് എടുത്തു കഴിഞ്ഞാല്‍ പിന്നെ മില്ലിലേക്ക് കയറ്റി അയക്കും .. അമ്പത്തിയഞ്ച് വയസ്സ് കഴിഞ്ഞ ജോസഫിന് വാതത്തിന്‍റെ അസുഖം കാരണം ഒരടിവെക്കാന്‍ കഴിയുന്നില്ലെങ്കിലും ജോസഫ് എന്നും തൂമ്പയെടുത്തിറങ്ങും അതല്ലാതെ മറ്റൊരു വരുമാനവും അയാള്കില്ല, അസുഖവും പറഞ്ഞു വീട്ടില്‍ ഇരുന്നാല്‍ പ്രായമായ പെണ്‍കുട്ടികളെ ഇറക്കിവിടാന്‍ മറ്റൊരു മാര്‍ഗവും അയാളുടെ മുന്‍പില്‍ ഇല്ല ... കുട്ടികളുടെ ആഹാരത്തിനും ഇതല്ലാതെ മറ്റൊരു വഴിയില്ല. മുപ്പത്തഞ്ചു വര്‍ഷത്തെ കാര്‍ഷിക സേവനത്തിനും അയാള്‍ക്ക്‌ ഒരു പെന്‍ഷനും ഇല്ലല്ലോ ..!!
  
ഭാഗം നാല്

കാദര്‍ക്ക ബുദ്ധിയുറക്കുന്നതിന് മുന്‍പേ കടല്‍ കടന്ന് മണല്‍ കാട്ടില്‍ ജീവിതത്തിന്‍റെ പച്ചപ്പ് തേടിയതാണ് വാപ്പാക്ക് ഭാഗം കിട്ടിയ ഭൂമിയും ഉമ്മാന്‍റെ കഴുത്തിലും കാതിലും കിടന്ന പൊന്നും പെറുക്കി വിറ്റിട്ടാണ് വിസക്ക് പണം തരപ്പെടുത്തിയത് . വന്നിറങ്ങിയത് ചുട്ടുപൊള്ളുന്ന മണല്കാറ്റിനൊപ്പം ച്ചുട്ടുപഴുക്കുന്ന റസ്റ്റോറന്റിന്‍റെ അടുക്കളയിലേക്കു .. പതിനഞ്ചും പതിനാറും  മണിക്കൂര്‍ ജോലിക്കിടയില്‍ വീണു കിട്ടുന്ന ഇടവേളകളില്‍ ഉറങ്ങിയെങ്കിലായി... പകല്‍ വെളിച്ചം കാണാന്‍ പോലും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരുന്നതിനിടയില്‍ രണ്ടും മൂന്നും വര്‍ഷത്തിലൊരിക്കല്‍ ഒരു രണ്ടോ മാസത്തെ ലീവിനിടയില്‍ തരപ്പെടുത്തിയ കുടുംബ ജീവിതത്തിനിടയില്‍ നാല് മക്കളും പിറന്നു .. മക്കളുടെ പഠനം , കുടുംബക്കാരുടെയും നാട്ടുകാരുടെയും കല്യാണങ്ങളും ആവശ്യവും അനാവശ്യവുമായ മാമൂലുകളും , രണ്ടു പെണ്മക്കളുടെ കല്യാണവും  കയറിക്കിടക്കാന്‍ നാല് സെന്റില്‍ ഒരു കൂരയും അയപ്പോഴേക്കും വര്ഷം നാല്പതും കഴിഞ്ഞു ... ജീവിതത്തിന്‍റെ മുന്നോട്ടുള്ള വഴിയിലെ ഇരുട്ട് വീണ്ടും മണല്‍കാട്ടില്‍ കഴിച്ചു കൂട്ടാന്‍ അയാളെ പ്രേരിപ്പിച്ചെങ്കിലും അറബി നാട്ടിലെ നിയമം അതിലും കൂടുതല്‍ അയാളെ അവിടെ നില്‍കാന്‍ സമ്മതിച്ചില്ല ... പ്രവാസം അവസാനിപ്പിച്ചു നാട്ടിലെത്തിയ കാദര്‍ക്കാനെ കാത്തിരുന്നത് പെന്ഷന് പകരം ടെന്‍ഷനും ഒരു മെഡിക്കല്‍ വിദ്യാര്‍ഥിക്ക് പഠിച്ചെടുക്കാന്‍ വേണ്ട എല്ലാ രോഗങ്ങളും ഉണ്ടായിരുന്നു . പിന്നെ പ്രവാസത്തിനിടയില്‍ അന്യമായി പോയ നാടും നാട്ടുകാരും പരിചയമില്ലാത്ത നാട്ടുകാരുടെ രീതികളുമായിരുന്നു.. ഒരു മനുഷ്യനെന്ന നിലയിലെ എല്ലാ മോഹങ്ങളും ആഗ്രഹങ്ങളും പ്രവാസ ജീവിതത്തില്‍ വീട്ടുക്കാര്‍ക്കും സ്വന്തം നാടിനും വേണ്ടി ത്യജിച്ചു കളഞ്ഞ  വ്യെക്തിക്ക് മുന്നോട്ടുള്ള ജീവിതം അവ്യക്തത നിറഞ്ഞത് തന്നെ...


മേല്‍ പറഞ്ഞ നാല് ഭാഗങ്ങളിലും പറഞ്ഞവരുടെ ലക്ഷക്കണക്കിന് പ്രധിനിധികള്‍ നമ്മുടെ നാട്ടില്‍ ജീവിക്കുന്നു അവരുടെയൊക്കെ കഠിനമായ അദ്ധ്വാനവും ത്യാഗവുമൊക്കെ നാടിനും നാട്ടുകാര്‍ക്കും   വേണ്ടിയായിരുന്നു.. അവര്‍ ഓരോരുത്തരും രാഷ്ട്രത്തിന്‍റെ പുനര്‍ നിര്‍മ്മാണ പ്രക്രിയയില്‍ വിയര്‍പ്പും സ്വന്തം ജീവിതം തന്നെ ത്യജിച്ചവരാണ്.എന്നാല്‍ ഈ പറഞ്ഞവരുടെ സേവനങ്ങളൊന്നും ഒരു സര്‍വീസ്‌ ബുക്കിലും രേഖപ്പെടുത്തിയിട്ടില്ല , പെന്‍ഷന്‍ വേണമെന്ന പറയാന്‍ യുണിയനില്‍ അംഗമായിട്ടുമില്ല .


പങ്കാളിത്ത പെന്‍ഷന്‍ സമ്പ്രദായത്തിനെതിരെ എന്ന പേരില്‍ അനാവശ്യ സമരം നടത്തുന്ന സര്‍ക്കാര്‍ ജീവനക്കാര്‍  ഒരിക്കലെങ്കിലും തങ്ങള്‍ നല്‍കുന്ന സേവനത്തിന്‍റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ.. ജോലി ചെയ്യുന്നവര്‍ക്ക് എടുക്കുന്ന ജോലിക്ക് ശമ്പളം നല്‍കുക എന്നതു നാട്ടു നടപ്പാണ് പക്ഷെ ജോലി ചെയ്തു കഴിഞ്ഞും പിന്നീടുള്ള ജീവിതകാലം സുഖകരമാക്കാന്‍ ജനങ്ങളുടെ നികുതിപ്പണം ചിലവഴിച്ചു കൊടുക്കുന്ന ഈ പെന്‍ഷന്‍ പരിപാടി തന്നെ നിരത്തണമെന്നാണ് എന്‍റെ അഭിപ്രായം.. അല്ലെങ്കില്‍ പെന്ഷന് ലഭിക്കാന്‍ അര്‍ഹരായ എല്ലാവര്‍ക്കും പെന്‍ഷന്‍ നല്‍കാനുള്ള സംവിധാനം വേണം .
പെന്ഷന് സമ്പ്രദായത്തിന് വേണ്ടി തൊണ്ട പൊട്ടിക്കുന്ന ജീവനക്കാരോട് ഒരേ ഒരു ചോദ്യം ചോദിച്ചോട്ടെ .. ഞങ്ങള്‍ നല്‍കുന്ന നികുതിപ്പണം കൊണ്ട് നിങ്ങക്ക് പെന്‍ഷനും നല്‍കി നിങ്ങളെ ജീവിതം കാലം മുഴുവന്‍ തീറ്റിപ്പോറ്റാന്‍ മാത്രം യോഗ്യതയുള്ള എന്ത് സേവനമാണ് നിങ്ങള്‍ മഹാഭൂരിപക്ഷം വരുന്ന സര്‍ക്കാര്‍ ജീവനക്കാരും ഞങ്ങള്‍ പൊതുജനങ്ങള്‍ക്ക്‌ നല്‍കുന്നത് ..????


സര്‍ക്കാര്‍ സര്‍വ്വീസില്‍ കയറിക്കഴിഞ്ഞാല്‍ ആദ്യം പഠിക്കുന്നത് സേവന സ്വീകര്ത്താവായി വരുന്ന നികുതിപ്പണം മുടക്കുന്ന പൌരനോട് എങ്ങനെ മോശമായി പെരുമാറാം എന്നാണ്. പിന്നെ 365 ദിവസത്തില്‍ ഇരുനൂറു ദിവസവും ജോലിക്ക് ഹാജരാവാതിരിക്കാനുള്ള കാരണം കണ്ടെത്തലും കൂട്ടത്തില്‍ എതെങ്കിലും  യുണിയനില്‍ കയറിപ്പറ്റിയാല്‍ പിന്നെ രക്ഷപ്പെട്ടു, കൂടുതല്‍ സ്വാദീനമുള്ള യൂണിയനാണെങ്കില്‍ പിന്നെ ജോലിയേ ചെയ്യേണ്ട . അത്യാവശ സേവനത്തിനു വേണ്ടി മണിക്കൂറുകളോളം പൊരി വെയിലത്ത്‌ വരി നിന്നാലും പതിനൊന്നും പന്ത്രണ്ടും മണിക്ക് ജോലിക്കെത്തിയാണ് പലരും തങ്ങളുടെ ശമ്പളത്തോടും പെന്ഷനോടും കാണിക്കുന്ന കൂറ് . പട്ടിണി മാറ്റാന്‍ ക്ഷേമ പെന്ഷന് കാത്തുനില്കുന്ന എണ്‍പതും എഴുപതും വയസ്സുള്ള പടുക്കിളവന്മാരുടെ പോകറ്റില്‍ നിന്ന് പോലും കയ്യിട്ട് വാരുന്ന രാഷ്ട്ര സേവനമല്ലേ നിങ്ങളില്‍ മഹാ ഭൂരിപക്ഷവും ചെയ്യുന്നത് . പതിനായിരവും പതിനയ്യായിരവും ശമ്പളമുള്ള ഉദ്യോഗസ്ഥര്‍ കോടിക്കണക്കിനു രൂപയുടെ വീടും പറമ്പും വാങ്ങിക്കൂട്ടുന്നത് കൈകൂലി എന്ന മഹാ നിധി കുംഭത്തില്‍ നിന്നുള്ള വരുമാനമാണെന്ന് ഇവിടുത്തെ പൗരന്മാര്‍ക്കറിയാം രാഷ്ട്രീയക്കാര്‍ നടത്തുന്ന അഴിമതിയുടെ പോലും വലിയ പങ്കും പോകുന്നത് ഈ ഉദ്യോഗസ്ഥ ലോബിയുടെ കൈകളിലേക്കല്ലേ.. കടക്കെണിയില്‍ പെട്ട് മുങ്ങിത്താഴുമ്പോള്‍ വീടും പറമ്പും പണയം വെച്ച് രക്ഷപ്പെടാന്‍ വേണ്ടി പണയം വെക്കാന്‍ വേണ്ട രേഖകള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഓഫീസുകളില്‍ കയറയിറങ്ങിയാലും കൈകൂലി കൊടുക്കാത്തതിന്‍റെ മാത്രം പേരില്‍ ന്യായമായ സേവനം നിഷേധിക്കുകയും വിഷം വാങ്ങാന്‍ പോലും ശേഷിയില്ലാതെ അലയുന്നവര്‍ ഈ വെള്ളാനകളുടെ സേവനമാഹാത്മ്യത്തിന്‍റെ ഫലമായി പലരും ആത്മഹത്യ പോലും ചെയ്തിട്ടുണ്ട് . ഇവര്‍ ഇവരുടെ സേവനം സമയാ സമയങ്ങളില്‍ നിര്‍വഹിച്ചിരുന്നു വെങ്കില്‍ എത്ര ആത്മഹത്യകള്‍  തടയാമായിരുന്നു..??



 ആനുകൂല്യങ്ങള്‍ക്കും പെന്‍ഷനും വേണ്ടി മുറവിളിക്കുന്നവര്‍ തങ്ങളുടെ സേവനത്തെ  
1) ആത്മാര്‍ഥത . 
2) കൃത്യനിഷ്ഠ 
3) പൌരബോധം 
4) സത്യസന്തത 
എന്നീ മാനദണ്ടങ്ങളുടെ അടിസ്ഥാനത്തില്‍ വാങ്ങുന്ന ശമ്പളവും മറ്റു ആനുകൂല്യവും  വിരമിച്ചാല്‍ കിട്ടിയേക്കാവുന്ന പെന്‍ഷനും എല്ലാം കാണിച്ചു പൊതു ജനങ്ങള്‍ക്കിടയില്‍ തങ്ങളുടെ സേവനത്തിന്‍റെ ഗുണമേന്മ നൂറു മാര്‍ക്കിനെ അടിസ്ഥാനമാക്കി ഒരു പരീക്ഷക്ക്‌  തയ്യാറുണ്ടോ ??.. എന്‍റെ ഇത്രയും കാലത്തെ ജീവിതത്തിനിടയില്‍ ഞാന്‍ വിലയിരുത്തിയാല്‍ വാങ്ങുന്ന ശമ്പളവും ആനുകൂല്യങ്ങളും വെച്ച് പത്തു മാര്‍ക്ക് പോലും നേടാന്‍ എണ്‍പതു ശതമാനം ഉദ്യോഗസ്ഥരും യോഗ്യരല്ല. ഈ  വിലയിരുത്തലിനു എല്ലാ ഉദ്യോഗസ്ഥരും അര്‍ഹരല്ല , വളരെ ആത്മാര്‍ഥതയോടെ ഒരു രൂപ കൈക്കൂലി വാങ്ങിക്കാത്ത ഉദ്യോഗസ്ഥരും എണ്ണത്തില്‍ കുറവാണെങ്കിലും ഉണ്ട് പക്ഷെ എന്‍റെ ജീവിതത്തില്‍ ഞാന്‍ കണ്ടു മുട്ടിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ തൊണ്ണൂറു ശതമാനവും ഈ പറഞ്ഞ എല്ലാ ഗുണങ്ങളും ചേര്‍ന്നവരായിരുന്നു


  രീതിയല്‍ സേവനം നല്‍കുന്ന വെള്ലാനകളെ തീറ്റി പോറ്റാന്‍ നികുതി പിരിഞ്ഞു കിട്ടുന്നതിന്‍റെ എണ്‍പതു ശതമാനവും ശമ്പളമായും പെന്ഷനായും നല്‍കേണ്ടതുണ്ടോ..?? . എടുക്കുന്ന ജോലിക്ക് ശമ്പളം കൊടുക്കാം പണി നിര്‍ത്തിപ്പോയത്തിനു ശേഷവും അവരെയും അവര്‍ മരിച്ചു കഴിഞ്ഞാല്‍ അവരുടെ ആശ്രിതരെയും പാവം പൊതു ജനം എന്തിനാണ് തീറ്റി പോറ്റുന്നത്. ഞങ്ങള്‍ക്ക് നികുതിയടക്കാന്‍ ഇവിടെ ആരും പെന്‍ഷനൊന്നും തരുന്നില്ല .
പെന്‍ഷന്‍ കൊടുക്കുകയാണെങ്കില്‍ അതിനു അര്‍ഹരായ എല്ലാവര്ക്കും അത് കിട്ടണം അത് സര്‍വീസിന്റെ അടിസ്ഥാനത്തില്‍ ആകരുത് മറിച്ചു മുന്നോട്ടുള്ള ജീവിതം വഴി മുട്ടി നില്‍കുന്ന എല്ലാ വൃദ്ധന്മാര്‍ക്കും നല്‍ക്കണം ഒരേ അളവില്‍ .


വിദൂരക്കാഴ്ച: 

ചന്ദ്രശേഖരന്‍ വധം , ശുക്കൂര്‍ വധം പിന്നെ അവനധി അന്വേഷണങ്ങള്‍ അടക്കം പ്രധിരോധത്തില്‍ ആയിപ്പോയ പ്രതിപക്ഷത്തെ രക്ഷപ്പെടുത്താന്‍ സമരത്തിനിറങ്ങുന്നതൊക്കെ കൊള്ളാം പക്ഷെ സഹപ്രവര്‍ത്തകരെ കരി ഓയില്‍  ഒഴിക്കുന്നതും സ്കൂളില്‍ വന്ന പിഞ്ചു മക്കളെ നായ്ക്കരുണപ്പൊടി വിതരുന്നതും ഏതു സംസ്കാരത്തിന്‍റെ ഭാഗമാണ് ...??  



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ