തിങ്കളാഴ്‌ച, സെപ്റ്റംബർ 23, 2013

........ടാര്‍പോളിന്‍ ഷീറ്റ് ......
മാവില്‍ തീര്‍ത്ത ഇരട്ടപ്പലകയുള്ള കട്ടിലില്‍ അയാള്‍ നിശബ്ദനായി കിടക്കുന്നുണ്ടായിരുന്നു ... അടച്ചു വെച്ച കണ്ണുകളില്‍ കണ്ടു മതിയാകാത്ത കാഴ്ചകളുടെ നിരാശയുണ്ടോ .?..

 കട്ടിലിന്റെ നാലു വശത്തും പിന്നെ കസേരയിലും ഇരുന്നു ഖുര്‍ആന്‍ ഒതുന്നവരുടെ ശബ്ദം ആ ഇടുങ്ങിയ മുറിയില്‍ നിറഞ്ഞു ....  പത്തും.. പതിനൊന്നും പ്രായം തോന്നിക്കുന്ന നാലഞ്ചു കുട്ടികള്‍ നിവര്‍ത്തിപ്പിടിച്ച് ഖുറാനില്‍ നോക്കി ഓതുകയാണ് ...അതില്‍ അല്‍പ്പം മുതിര്ന്നവനെന്നു തോന്നിക്കുന്നവന്‍ ....ഇടയ്ക്കിടെ കൈകൊണ്ടു കാണിക്കുന്ന തമാശ കണ്ടു മറ്റുള്ളവരുടെ മുഖത്തും ചിരി വിടരുന്നു ...

 മുറിയുടെ ചുമരിനപ്പുരത്തുനിന്നും   തേങ്ങലുകളും വിതുമ്പലുകളും .. പലപ്പോഴും പുറത്തേക്കു ചാടി ....
കസേരയില്‍ ഇരുന്നു ഖുര്‍ആനോതുന്ന ദര്‍സ് വിദ്യാര്‍ഥിയുടെ മുഖത്ത് ഏല്പിച്ച ജോലിയുടെ ആത്മാര്‍ഥത നിഴലിച്ചു നിന്നു....


ഞാന്‍ പതുക്കെ പുറത്തേക്കു നടന്നു ..... കൊലായിലും .ടാര്‍പോളിന്‍ ഷീറ്റ്കൊണ്ട് പന്തല്കെട്ടിയ മുറ്റത്തും നിശബ്ദത മാത്രം .....

കാക്കകള്‍ ഉറക്കെ കരയുന്നു ... ടാര്‍പോളിന്‍ ഷീറ്റുകള്‍ ഇറക്കികെട്ടിയത് കണ്ടു തെറ്റിദ്ധരിച്ചതാവും...... പാവങ്ങള്‍

കോലായില്‍ ഇരിക്കുന്നവരുടെ തലകളിലെല്ലാം വെള്ള ചായം പുരണ്ടിരിക്കുന്നു .... അപ്പുറത്തെ മുറിയില്‍ നിശ്ചലനായി കിടക്കുന്ന മനുഷ്യന്‍റെ കൂട്ടുകാരാവും.....

വെയിലിനു ചൂടുകൂടി .. ടാര്‍പോളിന്‍ ഷീറ്റിനടിയിലിട്ട കസേരകളില്‍ പലതിലും  മനുഷ്യരൂപങ്ങള്‍ കാണപ്പെട്ടു ...
ഖുര്‍ആനിന്‍റെ വചനങ്ങള്‍ അന്തരീക്ഷത്തില്‍ ഒന്നുകൂടി ശക്തിപ്പെട്ടു ...മിക്കവരുടെയും ചുണ്ടുകള്‍ അനങ്ങുന്നുണ്ടായിരുന്നു  ...

നാട്ടിലെ പ്രമാണിമാരെന്നു  തോന്നുന്ന ചിലര്‍ അപ്പുറത്ത് മാറിനിന്നു സൊറപറയുന്നു .....

“ മയ്യത്ത്.... കുളിപ്പിക്കാനെടുത്തോളീ .... നേരം വൈകണ്ട”
കൂട്ടത്തില്‍ ദീനിയെന്നു തോന്നുന്ന തലയില്‍കെട്ടുകാരന്‍ വീടിനകത്തേക്ക് തല നീട്ടി പറഞ്ഞു ...

“അല്ല....... അപ്പൊ സുലൈമാനെ കാക്കണ്ടേ... മൂത്ത മോനല്ലേ ...? ” 
കോലായില്‍ ഇരിക്കുന്ന ഒരു വൃദ്ധന്‍ ചോദിച്ചു

“ഇഞ്ഞും ഓന കാത്തു നിന്നാല്‍ മയ്യത്ത് ഞമ്മള ശപിക്കും... അതല്ലേ ദീനില്‍ പറഞ്ഞിട്ടുള്ളത്”
പിന്നെ ആരും ഒന്നും പറഞ്ഞില്ല ......

ആ തലയില്കെട്ടിനെ ചോദ്യം ചെയ്യാന്‍ പറ്റിയവര്‍ ആരും അവിടെ ഉണ്ടായിരുന്നില്ല ....

“മയ്യത്ത് കുളിപ്പിക്കാനുള്ളവര്‍ ഇങ്ങോട്ട് കേറിക്കൊളീ ”
 പിന്നെയും  തലയില്‍ കെട്ടുകാരന്‍റെ ആജ്ഞ ..
ഒന്ന് രണ്ടു പേരും കൂടി ആ മുറിയിലേക്ക് കയറി ... അവിടെ ഓതിക്കൊണ്ടിരുന്നവര്‍ ഖുര്‍ആനും കയ്യില്‍ പിടിച്ചു പുറത്തേക്ക് .....

‘ടപ്പേ”

ആ മുറിയുടെ വാതിലുകള്‍ ഉറക്കെ അടഞ്ഞു ...

“മയ്യത്ത് കാണാന്‍ ബാകിള്ളവരോക്കെ കണ്ടോളീ”

കുളിയൊക്കെ കഴിഞ്ഞു വെള്ള നിറത്തിലുള്ള പുതു വസ്ത്രവും അണിഞ്ഞു അയാള്‍ ആ കട്ടിലില്‍ നിശബ്ദനായി കിടന്നു ..... അയാളുടെ മുഖം മാത്രം പുറത്തു കാണാം ... മൂക്കിന്‍റെ ദ്വാരങ്ങളുടെ ഇരുട്ടിനെ വെള്ള കോട്ടണ്‍ കൊണ്ട്  മറച്ചിരിക്കുന്നു ......

ആ കട്ടിലിനു ആറു കാലുകള്‍ ഉള്ളത് ഞാന്‍ ശ്രദ്ധിച്ചു .....

“അല്‍ ഫാത്തിഹ”

പള്ളിയില്‍ നിന്നെത്തിയ നീണ്ട താടിയുള്ള മുസ്ലിയാര്‍ ഉറക്കെ പറഞ്ഞു ….
നിശബ്ദതയെ വീണ്ടും ഖുര്‍ആനിക വചനങ്ങള്‍  മുറിച്ചു കളഞ്ഞു ...

“ലാ ഇലാഹ ഇല്ലല്ലാഹ്”

നല്ല കറുപ്പ് നിറമുള്ള നീളം കൂടിയ ഒരാള്‍ ഉറക്കെ ചൊല്ലി ...
കൂടെയുള്ളവരും ഏറ്റു ചൊല്ലി
നിശ്ചലനായ അയാളെ കിടത്തിയ ആ ആറു കാലുള്ള കട്ടില്‍ ചുമന്നു കൊണ്ട് പുരുഷാരം  ഇടവഴിയിലൂടെ മുന്നോട്ടു നീങ്ങി ....
വീടിനുള്ളില്‍നിന്നും പൊട്ടിക്കരചിലിന്‍റെ ശബ്ദ ചീളുകള്‍ പുറത്തേക്കു തെറിച്ചു ....

ടാര്‍പോളിന്‍ കൊണ്ട് പന്തലിട്ട മുറ്റം ശൂന്യമായി ....
മക്കനയിട്ട തലകളുടെ കൂട്ടം കൊലായിലേക്കും .. പിന്നെ മുറ്റത്തേക്കും ഇറങ്ങി ...
അവര്‍ ആ പുരുഷാരം പോകുന്ന ഇടവഴിയിലേക്കു നോക്കി നെടുവീര്‍പ്പിട്ടു ...
നിമിഷങ്ങള്‍ക്കകം ടാര്‍പോളിന്‍ പന്തലിനു താഴെ ബഹളമയമായി ....
“എന്നാലും എന്‍റെ കുട്ടിക്ക് ഓന്റെ ബാപ്പാനെ അവസാനത്തെ  നോട്ടം  കാണാന്‍ പറ്റീലല്ലോ ....”

എല്ലാവരും കൊലായിലേക്ക് നോക്കി ...... ആ വൃദ്ധയുടെ തിളങ്ങുന്ന കണ്ണീര്‍ വീണ്ടും അവിടെ നിശബ്ദമാക്കി ...


3 അഭിപ്രായങ്ങൾ: