ചൊവ്വാഴ്ച, സെപ്റ്റംബർ 24, 2013

....ഇലക്ട്രിക്‌ ബെല്‍ ...






മഴപെയ്തോഴിഞ്ഞിട്ടും മരങ്ങള്‍ പെയ്യുന്നുണ്ടായിരുന്നു ..... ഇടതൂര്‍ന്ന മരങ്ങള്‍ക്കിടയില്‍ മഴ ബാകിവെച്ചുപോയ ജലകണങ്ങള്‍ പറയുന്ന കിന്നാരത്തിന്‍റെ മര്‍മ്മരങ്ങള്‍ മാത്രം......മഴക്കാറുകള്‍ പുതപ്പിച്ച ഇരുട്ട് .. അവിടെ കൂടുതല്‍ ഭീകരമാക്കി ...

മരച്ചില്ലകള്‍ക്കിടയിലൂടെ ദൃശ്യമാകുന്ന ക്യാമ്പസിന്‍റെ വരാന്ത ശൂന്യമാണ് ... മഴ പെയ്തത് കൊണ്ടാകും എല്ലാവരും ക്ലാസ്സില്‍ തന്നെയിരിക്കുന്നത് ..... ഒരു വലിയ മഴത്തുള്ളി അവന്‍റെ നെറുകിലേക്ക് ഉറ്റിവീണു... 

ആരൊക്കെയോ വലിച്ചെറിഞ്ഞ ഐസ്ക്രീം കപ്പുകളും ... ചിപ്സിന്‍റെ കവറുകളും അവിടെ പരന്നു കിടക്കുന്നുണ്ടായിരുന്നു ....

അവന്‍റെ കണ്ണുകള്‍ വരാന്തയുടെ അങ്ങേയറ്റത്തെ ക്ലാസ്സ്മുറിയുടെ വാതില്‍ക്കലേക്ക് വീണ്ടും ചെന്നു ...
ഇല്ല ...ആരും വരുന്നില്ല .... അവള്‍ ഇന്നിട്ട ... ചുവന്ന ചുരിദാറിന്‍റെ നിഴല്‍ ക്യാമ്പസ്‌ കോമ്പൌണ്ടിനകത്തു എവിടെയും കാണുന്നില്ല ....

അവന്‍റെ മൊബൈലില്‍ വീണ്ടും ...
“നിങ്ങള്‍ വിളിക്കുന്ന നമ്പര്‍ സ്വിച്ച് ഓഫ്‌ ചെയ്തിരിക്കുന്നു” ...എന്ന ആവര്‍ത്തിച്ചുള്ള കിളിനാദം അവനെ ദേഷ്യം പിടിപ്പിച്ചു ...

പതിനായിരത്തിലേറെ വിലയുള്ള മൊബൈല്‍ വലിച്ചെറിയാന്‍ വേണ്ടി അവന്റെ കൈകള്‍ ഉയര്‍ന്നു ... പിന്നെ വേണ്ടെന്നു വെച്ചു..

എന്താണ് അവള്‍ക്കു പറ്റിയത് ... കഴിഞ്ഞ നാല് ദിവസമായിട്ട് മിണ്ടാട്ടമില്ല ... ഫോണും എടുക്കുന്നില്ല ... എപ്പോ വിളിച്ചാലും സ്വിച്ച് ഓഫ്‌ .... നേരിട്ട് കാണാന്‍ അവള്‍ നിന്ന് തരുന്നുമില്ല ...ക്ലാസില്‍ കയറി കാണാമെന്ന് വെച്ചാല്‍ അവളുടെ ക്ലാസിലുള്ളവന്മാര്‍ പഞ്ഞിക്കിടും ...ഓണാഘോഷ പരിപാടിക്കിടയിലെ കൈകളി അവന്മാര്‍ മറന്നിട്ടുണ്ടാവില്ല ....

അവന്‍റെ കയ്യിലുള്ള വാച്ച് അവനെ നോക്കി പല്ലിളിച്ചു ... അവളോട് വരാന്‍ പറഞ്ഞ സമയം കഴിഞ്ഞിട്ട് ഒരു മണിക്കൂര്‍ കഴിഞ്ഞിരിക്കുന്നു ...
കാമ്പസിന്‍റെ വരാന്തയില്‍ പല നിറത്തിലുള്ള ചുരിദാറുകള്‍ ചലിക്കുന്നു ... പക്ഷെ കടും ചുവപ്പ് നിറമുള്ള ആ ചുരിദാര്‍ മാത്രം അവന്റെ കണ്ണിനെ ആനന്ദിപ്പിച്ചില്ല...

അടുത്ത മണിക്കൂറിനെ അറിയിച്ചുകൊണ്ട് മെയിന്‍ ബ്ലോക്കിലെ ഇലക്ട്രിക്‌ ബെല്‍ ഉറക്കെ ശബ്ദിച്ചു ...

വര്‍ണ്ണ ശബളമായ ചുരിദാര്‍ കൂട്ടങ്ങള്‍ ക്ലാസ്സുകളിലേക്ക് ഒഴുകി .. ഇടയ്ക്കിടെ ചില ജീന്‍സുകളും ....

അവന്‍റെ കണ്ണുകള്‍ ആ ബ്ലോക്കിലെ അവസാനത്തെ ക്ലാസ്സ് മുറിയുടെ വാതിക്കല്‍ തന്നെ തറച്ചു നിന്നു ....

അവള്‍ അപ്പോഴും വന്നില്ല .....

ഇടി വെട്ടി .... മേഘക്കൂട്ടങ്ങള്‍ കൂടുതല്‍ കറുത്ത പുതപ്പുമായി വന്നു ....അവിടെ കൂടുതല്‍ ഇരുട്ട് പടര്‍ന്നു ...

അവളെന്താ ഫോണെടുക്കാത്തത്... ഇനി അവള്‍ “സിം” മാറ്റിയോ,....?

ഇലക്ട്രിക്‌ ബെല്‍ പിന്നെയും പലതവണ ശബ്ദിച്ചു .....മരക്കൂട്ടങ്ങള്‍ക്കിടയില്‍.....  ആ വലിയ മരത്തിന്‍റെ നീണ്ട വേരുകള്‍ക്ക് മുകളില്‍ അവന്‍ ഇരുന്നു ... ആ കെട്ടിടത്തിന്‍റെ അവസാനത്തെ ക്ലാസ് മുറിയിലേക്കും നോക്കി ... 


1 അഭിപ്രായം: